നർത്തകനും നടനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യെ വിമർശിച്ച് ഹരീഷ് പേരടി. രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ എന്ന സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ലെന്ന് പറഞ്ഞാണ് ഹരീഷ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. നിങ്ങളൊക്കെ നല്ല നടീനടൻമാരാണെങ്കിലും ഇങ്ങിനെയൊന്നും അഭിനയിക്കരുതെന്നും ഹരീഷ് കൂട്ടിച്ചേർത്തു.
“വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല.
പീഡനക്കേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.. നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്… ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ… അയാൾ ആനന്ദനൃത്തമാടട്ടെ… മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയിൽ നൃത്തമാടാമെങ്കിൽ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം… മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ… എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?” എന്നാണ് ഹരീഷ് കുറിച്ചത്. താരത്തിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.