ടോളിവുഡ് ആകാംക്ഷയോടെ കാത്തിരുന്ന രാംചരൺ-ഉപാസന ദമ്പതികളുടെ മകളുടെ പേര് വെളിപ്പെടുത്തി കുഞ്ഞിന്റെ മുത്തശ്ശൻ കൂടിയായ മെഗാ സ്റ്റാർ ചിരഞ്ജീവി. ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. കൂടാതെ ലളിതാ സഹസ്രനാമത്തിൽ നിന്നാണ് കൊനിഡേല കുടുംബത്തിലെ കുഞ്ഞ് താരത്തിന് പേര് കണ്ടെത്തിയതെന്നും ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ജൂൺ 20 ന് രാവിലെയായിരുന്നു രാംചരൺ–ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്.
ക്ലിൻ കാര എന്നാൽ പ്രകൃതിയുടെ മൂർത്തീഭാവം എന്നാണ് അർഥം. പ്രപഞ്ച മാതാവായ ശക്തിയുടെ സൂക്ഷ്മ രൂപമാണിത്. ഈ കൊച്ചു രാജകുമാരി വളരുമ്പോൾ ഈ ഗുണങ്ങളെല്ലാം അവളുടെ വ്യക്തിത്വത്തിൽ ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഖലയുടെ ചെയര്മാന് പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പഴ്സൻ കൂടിയാണ് ഉപാസന. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്.