ഇന്ത്യയെ ഓസ്കാറിന്റെ നെറുകയിൽ എത്തിച്ച ബോളിവുഡ് സിനിമയാണ് ‘ സ്ലം ഡോഗ് മില്യണയർ’. എ.ആർ.റഹ്മാനും റസൂൽ പൂക്കുട്ടിയും ഓസ്കാർ പുരസ്‌കാരം കരസ്തമാക്കി ഇന്ത്യൻ സിനിമാ മേഖലയുടെ യശസ്സ് ഉയർത്തിയത് ഈ ചിത്രത്തിലൂടെയാണ്. ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രത്തിലെ ഒരു ഗാനമുണ്ട്. ‘ ജയ് ഹോ…’ എന്നുറക്കെ കൊച്ചു കുട്ടികൾ വരെ ഇന്നും മൂളി നടക്കുന്ന ആ പാട്ടിന്റെ സൃഷ്ടാവ് സാക്ഷാൽ എ ആർ റഹ്മാൻ ആണ്. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് ‘ജയ് ഹോ’ ഓസ്കർ നേടിയത്. എന്നാൽ ഇപ്പോൾ ജയ് ഹോയ്ക്ക് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാൻ അല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ. ആരാധകരെ മാത്രമല്ല, സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് ഈ വെളിപ്പെടുത്തലിൽ.
എ ആർ റഹ്മാൻ അല്ല, ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് പാട്ട് ചിട്ടപ്പെടുത്തിയതെന്ന് രാം ഗോപാൽ വർമ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. 2008ൽ സുഭാഷ് ഘായ്‌യുടെ സംവിധാനത്തിൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ ‘യുവരാജ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ‘ജയ് ഹോ’ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആയിരുന്നു പാട്ടിനു പിന്നിൽ. പാട്ടൊരുക്കുന്ന വേളയിൽ റഹ്മാൻ ലണ്ടനിലായിരുന്നു.
സുഭാഷ് ഘായ് ആകട്ടെ, എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. അദ്ദേഹം തിരക്ക് കൂട്ടിയതിനാൽ റഹ്മാൻ പാട്ട് ചിട്ടപ്പെടുത്താൻ സുഖ്‌വിന്ദറിനെ ഏൽപ്പിക്കുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം ‘ജയ് ഹോ’ ഈണം സൃഷ്ടിച്ചത്. എന്നാൽ പിന്നീട് ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷമായിരുന്നു ‘സ്ലം ഡോഗ് മില്യണയർ’ പിറന്നത്. ഈ ചിത്രത്തിനു വേണ്ടി റഹ്മാൻ ജയ് ഹോ ഉപയോഗിക്കുകയായിരുന്നു.
പക്ഷെ, തന്നിൽ നിന്നും കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ, സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്കു നൽകിയതെന്നറിഞ്ഞപ്പോൾ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചു. എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു കയർത്ത സംവിധായകന് റഹ്മാൻ നൽകിയ മറുപടി ഇങ്ങനെ, ‘‘സർ, നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിൽ തന്നെയായിരിക്കും. എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാൻ കഴിയും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും അതിന് കഴിയും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’’- രാം ഗോപാൽ വർമ പറഞ്ഞു.
2009ലാണ് ഡാനി ബോയ്ൽ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയർ’ പുറത്തിറങ്ങിയത്. ഗുൽസാർ, തൻവി എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ ഗാനരചന. എ.ആർ.റഹ്മാൻ, സുഖ്‌വിന്ദർ സിങ്, തൻവി, മഹാലക്ഷ്മി അയ്യർ, വിജയ് പ്രകാശ് എന്നിവർ ചേർന്ന് ഗാനം ആലപിക്കുകയും ചെയ്തു. പാട്ടൊരുക്കുന്ന വേളയിൽ കോവിഡ് ലോക്ഡൗണിനു സമാനമായ സാഹചര്യമായിരുന്നുവെന്നും താൻ ലണ്ടനിലും ഗാനരചയിതാക്കളും ഗായകരും മറ്റു പല ഇടങ്ങളിലുമായിരുന്നുവെന്നും റഹ്മാൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. എന്തായാലും രാം ഗോപാൽ വർമയുടെ വെളിപ്പെടുത്തൽ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയിട്ടുണ്ട്. ഇതിൽ സാക്ഷാൽ എ ആർ റഹ്മാന്റെയും സുഖ്‌വിന്ദർ സിങിന്റെയും പ്രതികരണം എന്തെന്ന് അറിയാൻ ഉള്ള കാത്തിരിപ്പിലാണ് സിനിമാ ലോകവും ആരാധകരും.