അടുത്തിടെ ഇറങ്ങിയ സെൻസേഷണൽ ഹിറ്റ് ആയിരുന്നു ജയിലർ എന്ന തമിഴ് ചിത്രം. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമെല്ലാം ഒരേപോലെ മികച്ച അഭിപ്രായം നേടിയ ചിത്രം അഞ്ഞൂറുകോടിയിൽ ഏറെയാണ് തിയേറ്ററുകളിൽ നിന്ന് വാരിക്കൂട്ടിയത്. താരങ്ങളും അണിയറപ്രവർത്തകരും അണിനിരന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ജയിലറിൽ വർമൻ എന്ന വില്ലൻ വേഷത്തിലെത്തിയ വിനായകനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.
ക്ലാസിക് ചിത്രം ഷോലെയിൽ അംജദ് ഖാൻ അവതരിപ്പിച്ച ഗബ്ബർ സിംഗ് എന്ന കഥാപാത്രത്തോടാണ് രജനി വർമനെന്ന വിനായകന്റെ കഥാപാത്രത്തെ ഉപമിച്ചത്. ഗബ്ബർ സിംഗിനെപ്പോലെ വർമനും സെൻസേഷനാകുമെന്ന് സംവിധായകൻ നെൽസണോട് പറയുമായിരുന്നു എന്നും രജനികാന്ത് പറഞ്ഞു. ഗംഭീര പ്രകടനമായിരുന്നു വിനായകന്റേത്. സത്യത്തിൽ വർമൻ ആണ് ജയിലറിന്റെ ജീവൻ എന്നും താരം വ്യക്തമാക്കി. എന്നാൽ വിജയാഘോഷത്തിൽ പങ്കെടുക്കാൻ വിനായകൻ എത്തിയിരുന്നില്ല.