ഖത്തറിന്റെ പ്രഥമ ടോയ് ഫെസ്റ്റിവലിന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ വേദിയാകും. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള ലൈവ് ദ് ടെയിൽസ്, എൻജോയ് ദ് ഗെയിംസ് എന്ന പ്രമേയത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ജൂലൈ 13 മുതൽ ഓഗസ്റ്റ് അഞ്ച് വരെ ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് രണ്ട്മണി മുതൽ രാത്രി 10 മണി വരെയും വാരാന്ത്യങ്ങളിൽ രാത്രി 11 മണി വരെയുമാണ് ഫെസ്റ്റിവൽ നടക്കുക.
കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കളിപ്പാട്ടങ്ങളുടെയും വിനോദത്തിന്റെയും അത്ഭുത ലോകമാണ് ടോയ് ഫെസ്റ്റിവൽ സമ്മാനിക്കുന്നത്. അതേസമയം വൻകിട രാജ്യാന്തര ബ്രാൻഡുകളുമായി കൈകോർത്ത് ഇതാദ്യമായാണ് രാജ്യത്ത് കളിപ്പാട്ടങ്ങളുടെ കൗതുകക്കാഴ്ച ഒരുക്കുന്നത്. ബാർബി, ബ്ലിപ്പി, കോക്കോമെലൻ, ഡിസ്‌നി പ്രിൻസസ്, ഹോട് വീൽസ്, നെർഫ് തുടങ്ങിയ ജനകീയ ബ്രാൻഡുകളാണ് കളിപ്പാട്ടങ്ങളുടെ വിസ്മയമൊരുക്കുന്നത്. കൂടാതെ 25 ആകർഷക പ്രോഗ്രാമുകളും ഫെസ്റ്റിവലിൽ നടക്കും.
ഫെസ്റ്റിവലിൽ ഗൾഫ് മേഖലയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സാന്നിധ്യവും ഉണ്ടാകും. കൂടാതെ യുവ പ്രതിഭകൾക്കായി സിറിയൻ ഗായിക റഷ റിസ്‌കിന്റെ സംഗീത പരിപാടിയും അരങ്ങേറും. 50 റിയാൽ മുതൽ ആണ് പ്രവേശനത്തിനുള്ള ഫീസായി ഈടാക്കുക. കൂടാതെ വിഐപി ലോഞ്ചിൽ 4 പേർക്ക് പ്രവേശിക്കാൻ 1,500 റിയാലിന്റെ വിവിഐപി ടിക്കറ്റ്, ഫെസ്റ്റിവലിലെ എല്ലാ പരിപാടികളിലും ഷോയിലും പ്രവേശനം ഉറപ്പാക്കുന്ന 100 റിയാലിന്റെ ഗോൾഡ് ടിക്കറ്റ്, അഞ്ച് പേർക്ക് പ്രവേശനം നൽകുന്ന 400 റിയാലിന്റെ ഗോൾഡ് പ്ലസ് ടിക്കറ്റ് എന്നിങ്ങനെയാണ് ടിക്കറ്റുകൾ. വെർജിൻ മെഗാ സ്റ്റോറിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.