ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം വെള്ളിയാഴ്ച പുറത്തിറക്കും. കിക്കോഫ് കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബർഹാത് മിഷൈരിബിൽ പൊതുജനങ്ങളെ സാക്ഷിയാക്കിയാവും വൻകര മേളയുടെ ഭാഗ്യചിഹ്നം അവതരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
ലോകകപ്പ് ഫുട്ബാളിന് പിന്നാലെ ഖത്തറും മിഡിൽ ഈസ്റ്റും ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യൻ കപ്പിലേക്കുള്ള ജൈത്രയാത്രയിൽ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം നിർണായക നാഴികക്കല്ലായി മാറുമെന്ന് ടൂർണമെൻറ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹസൻ അൽ കുവാരി പറഞ്ഞു. ഭാഗ്യചിഹ്നം പുറത്തിറക്കുന്ന പ്രൗഢഗംഭീര ചടങ്ങിലേക്ക് ഫുട്ബാൾ ആരാധകരെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
ലോകകപ്പ് ഫുട്ബാളിൽ ‘ലഈബ്’ എന്ന പേരിൽ പുറത്തിറങ്ങിയ ഭാഗ്യചിഹ്നം പൂർണമായും ഡിജിറ്റൽ ത്രിമാന രൂപമായി തയാറാക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു. അതിന്റെയെല്ലാം പുതുമകൾ ഉൾക്കൊണ്ടായിരിക്കും ഏഷ്യൻ കപ്പിന്റെയും ഭാഗ്യചിഹ്നം ആരാധകർക്ക് മുന്നിലെത്തുക. 2011ലാണ് ഖത്തർ അവസാനമായി ഏഷ്യൻ കപ്പ് ഫുട്ബോളിന് വേദിയായത്. അന്ന് വേദികളിലും ഇന്റർനെറ്റിലും കളിച്ചുതിമിർത്ത അഞ്ചുപേരുടെ സംഘത്തെ ആരാധകർ നെഞ്ചേറ്റിയിരുന്നു. ‘സബൂഗ്, ത്രാന,തംബ്കി, ഫ്രിഹ, സക്രിതി, എന്നീ അഞ്ചുപേരെ ഫുട്ബാൾ കുടുംബമെന്നാണ് ആരാധകർ വിളിച്ചത്.