ലോകത്തെ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ഖത്തർ ലോകകപ്പിന്റെ അവിസ്മരണീയ കാഴ്ചകൾ കോർത്തിണക്കിയ ‘ഖത്തർ 2022’ ഡോക്യൂമെന്ററി പുറത്തിറക്കി. മിന മേഖലയിലെ വിനോദ-കായിക സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ടിഒഡിയാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. ‘ഖത്തർ 2022’എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി അറബ് അഭിമാനം, അനശ്വരമായ പൈതൃകം, , ഓർത്തിരിക്കാൻ ഒരു ടൂർണമെന്റ്, ചാംപ്യൻസ് അർജന്റീന എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞ് ആറ് മാസം പിന്നിട്ടെങ്കിലും മനസ്സിൽ തങ്ങി നിൽക്കുന്ന ടൂർണമെന്റിലെ ആവേശക്കാഴ്ചകളും ആരവങ്ങളും അതേ ആവേശത്തോടെ ആരാധകർക്ക് സ്‌ക്രീനിൽ വീണ്ടും കാണാൻ കഴിയും.
ലോകകപ്പിനായുള്ള ഖത്തറിന്റെ 10 വർഷം നീണ്ട തയാറെടുപ്പുകൾ, ടൂർണമെന്റിലെ തിരശീലയ്ക്ക് പിന്നിലെ കാഴ്ചകൾ, കളിക്കാരുടെ ഇടപെടലുകൾ, ആരാധകരുടെ ആവേശം, മത്സരങ്ങളിലെ വിജയ-പരാജയങ്ങളിലുള്ള ആരാധകരുടെ സന്തോഷവും നിരാശയും ഡോക്യുമെന്ററിയിൽ കൃത്യമായി ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ ലോകകപ്പ് സംഘാടകർ, ഫുട്‌ബോൾ ഇതിഹാസങ്ങൾ, വിഖ്യാത പരിശീലകർ, ഫിഫ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള അഭിമുഖങ്ങൾ എന്നിവയെല്ലാം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്റ്റേഡിയങ്ങളിലെ അതേ ആവേശത്തോടെയുള്ള വിവരണമാണ് ഡോക്യുമെന്ററിയുടെ ഏറ്റവും വലിയ സവിശേഷത. കൂടാതെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി, മൊറോക്കൻ താരം അഷ്‌റഫ് ഹകീമി, ഫിഫ ഗ്ലോബൽ ഫുട്‌ബോൾ ഡവലപ്‌മെന്റ് ചീഫ് ആഴ്‌സൻ വെങ്കർ എന്നിവർ തങ്ങളുടെ ലോകകപ്പ് അനുഭവവും ഡോക്യുമെന്ററിയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.