‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും എംജി ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നു. എം.ജി ശ്രീകുമാർ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. മൂവരും ഒന്നിച്ച് ഇരിക്കുന്ന ഒരു കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ടാണ് പുതിയ ചിത്രത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. അടുത്ത വർഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ പേര് ‘ഹരം’ എന്നായിരിക്കും എന്നുള്ള സൂചനയും എംജി നൽകിയിട്ടുണ്ട്. എന്നാൽ സിനിമയെ കുറിച്ചുളള മറ്റു വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.
അതേസമയം പോസ്റ്റിന് താഴെ പുതിയ സിനിമയ്ക്ക് ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ജീത്തു ജോസഫിന്റെ ‘നേര്’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘മലൈക്കോട്ടൈ വാലിബൻ’, ‘വൃഷഭ’, ‘റാം’, ‘ബറോസ്’ തുടങ്ങിയവയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ ‘മലൈക്കോട്ടൈ വാലിബൻ അടുത്ത വർഷം ജനുവരി 25 ന് തിയറ്ററുകളിലെത്തും.