നിവിൻ പോളിയുടെ ഏക്കാലത്തെയും ഹിറ്റ് ചിത്രമായ പ്രേമം വീണ്ടും റിലീസിനൊരുങ്ങുന്നു. കേരളത്തിലല്ല, തമിഴ്നാട്ടിലാണെന്നുമാത്രം. നിവിൻ പോളിക്ക് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. 2015-ൽ പുറത്തിറങ്ങിയ ചിത്രം വമ്പൻ കളക്ഷൻ റെക്കോർഡുകളായിരുന്നു ഭേദിച്ചത്.
നാളെയാണ് തമിഴ്നാട്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ ചിത്രം വീണ്ടും പ്രദർശിപ്പിക്കുക. ഇതിന്റെ ഭാഗമായി പല തിയേറ്ററുകളിലും ബുക്കിങ്ങും ആരംഭിച്ചുകഴിഞ്ഞു. തമിഴ്നാട്ടിൽ റീ-റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് പ്രേമം എന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഇതാദ്യമായല്ല പ്രേമം തമിഴ്നാട്ടിൽ റീ റിലീസ് ചെയ്യുന്നത്. 2016 മാർച്ച് 18-നും 2017 ഫെബ്രുവരി 10 മുതൽ 16 വരെയും ചിത്രം തമിഴ്നാട്ടിൽ റിലീസ് ചെയ്തിരുന്നു. നിവിൻ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019-ൽ ചിത്രം കേരളത്തിലും റീ റിലീസ് ചെയ്തിരുന്നു.
ഒരു യുവാവിൻ്റെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയങ്ങൾ അവതരിപ്പിച്ച സിനിമയിൽ അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരായിരുന്നു നായികമാർ. വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, സിജു വിൽസൺ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അൽത്താഫ് സലിം, അനന്ത് നാഗ്, രഞ്ജി പണിക്കർ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ടായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 2016-ൽ തെലുങ്കിലേയ്ക്ക് ചിത്രം റീമേക്ക് ചെയ്തപ്പോൾ നാഗചൈതന്യ ആയിരുന്നു നായകൻ.