ഇക്കുറി അഞ്ചാം ലോകകപ്പിനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലക്ഷ്യം പോർച്ചുഗലിൻ്റെ കന്നിക്കിരീടമാണ്. ഖത്തറില്‍ അരങ്ങേറുന്ന ഫുട്ബോള്‍ ലോകകപ്പിൽ പോർച്ചുഗൽ ഫൈനലിൽ എത്തുമെന്നും കിരീടപ്പോരാട്ടത്തിൽ എതിരാളികളായി ബ്രസീലിനെ തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും റൊണാൾഡോ പിയേഴ്സ് മോർഗന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. സമീപകാലത്തെ മോശം പ്രകടനവും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള പിണക്കവുമൊന്നും റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങളെ തെല്ലും ഏശിയിട്ടില്ലെന്ന് വ്യക്തം.
എന്നാൽ, ഈ സ്വപ്നഫൈനലിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലെന്ന് തനിക്കറിയാമെന്നും റൊണാൾഡോ പറയുന്നുണ്ട്. ഖത്തറിലെ ചൂട് കാലവസ്ഥ കളിക്കാര്‍ക്ക് വലിയ വെല്ലുവിളിയാവുമെന്ന വിലയിരുത്തലുകളെയെല്ലാം റൊണാള്‍ഡോ തള്ളിക്കളഞ്ഞു.
ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ കിരീടത്തിൽ മുത്തമിട്ടാൽ താൻ 100 % വിരമിക്കുമെന്നാണ് റൊണാൾഡോയുടെ മറ്റൊരു പ്രഖ്യാപനം. ഈ ലോകകപ്പിനായി താൻ മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്തിയതായും പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ വ്യക്തമാക്കി.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ പ്രശംസിക്കാനും താരം മറന്നില്ല. ഖത്തറിലേത് മികച്ച ലോകകപ്പായി മാറുമെന്നും എല്ലാവരെയും അവർ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നത് പുതിയ ഊർജം പകരുന്നതായും റൊണാൾഡോ അറിയിച്ചു.