തമിഴ് ചലച്ചിത്രതാരം ധനുഷിന്റെ യഥാർത്ഥ പിതാവാണെന്ന് അവകാശപ്പെട്ടിരുന്ന മധുര സ്വദേശി കതിരേശൻ മരിച്ചു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കുന്നതിനുള്ള നിയമപോരാട്ടം നടത്തുന്നതിനിടെ 70-ാം വയസിലായിരുന്നു കതിരേശന്റെ മരണം. കുറച്ച് കാലമായി ആരോഗ്യപ്രശ്‌നങ്ങളേത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മധുരയിലെ മേലൂർ താലൂക്കിൽ മലംപട്ടി ഗ്രാമത്തിൽ താമസിക്കുന്നവരാണ് കതിരേശനും മീനാക്ഷിയും. എട്ട് വർഷം മുമ്പാണ് ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്ന് അവകാശപ്പെട്ട് ഇവർ കോടതിയിലെത്തുന്നത്. പിന്നീട് 2016 നവംബർ 25ന് മധുര മേലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ദമ്പതികൾ കേസ് ഫയൽ ചെയ്‌തു. മാസം തോറും 65,000 രൂപ ധനുഷ് ചെലവിന് നൽകണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടർന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയിൽ ഹാജരാവാൻ ഉത്തരവിട്ടു.
എന്നാൽ ബ്ലാക്മെയിലിങ്ങിൻ്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാൽ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചിൽ ഹർജി സമർപ്പിച്ചു. പിന്നീടാണ് ഇരുകൂട്ടരോടും തെളിവുകൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ധനുഷ് മകനാണെന്ന് വ്യക്‌താക്കുന്ന തെളിവുകൾ പക്കലുണ്ടെന്നായിരുന്നു ഇവരുടെ വാദം. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്‌റ്റ് നടത്താൻ തയ്യാറാണെന്നും കോടതിയിൽ അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം ദമ്പതികൾക്ക് താനുമായി യാതൊരു ബന്ധമില്ലെന്നും അവരെ ആരോ പറഞ്ഞുപറ്റിച്ചതാണെന്നും ധനുഷ് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരായ ധനുഷിൻ്റെ ശരീരത്തിലെ അടയാളങ്ങൾ പരിശോധിച്ചിരുന്നു. പരിശോധനയിൽ ധനുഷ് അവരുടെ മകനാണെന്ന അടയാളങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. നിർമ്മാതാവും സംവിധായകനുമായ കസ്‌തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്.