മത വികാരം വ്രണപ്പെടുത്തുന്നു എന്ന വിമർശനത്തിന് പിന്നാലെ തെന്നിന്ത്യൻ നടി നയൻതാര നായികയായ ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ് പിൻവലിച്ചു. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ തന്നെ മുംബൈ പോലീസ് കേസെടുത്തിരുന്നു.
നയൻതാര, സിനിമയുടെ സംവിധായകനായ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച് രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ക്ഷേത്രപൂജാരിയുടെ മകളായി എത്തുന്ന നയൻതാരയുടെ കഥാപാത്രം ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണി വെക്കുന്നതുമായ രംഗങ്ങൾ സിനിമയിലുണ്ട്. ഡിസംബർ ഒന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്.