സെലിബ്രിറ്റികളുടെ വിവാഹവും വിവാഹ മോചനവും സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടാറുള്ള വിഷയങ്ങളാണ്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യമാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹ മോചിതരായോ എന്നത്. അതിന് കാരണം നയൻതാരയുടെ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും പിന്നാലെ വിഗ്നേഷിനെ അൺഫോളോ ചെയ്തതുമാണ്. യാഥാർത്ഥത്തിൽ എന്താണ് സംഭവമെന്ന് നോക്കാം.
‘കരഞ്ഞുകൊണ്ടാണെങ്കിലും അവള് പറയും, അത് നേടിയെടുത്തു എന്ന്’ എന്ന് കുറിച്ചുകൊണ്ട് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നയന്‍താര വിഘ്നേശ് ശിവനെ അണ്‍ഫോളോ ചെയ്തത്. അതോടെ ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ കാട്ടുതീ പോലെ കത്തിപ്പടര്‍ന്നു. തൊട്ടു പിന്നാലെ നയന്‍താരയുടെ പുതിയ ബിസിനസിനെക്കുറിച്ച് പോസ്റ്റിട്ടുകൊണ്ട് വിഗ്നേഷ് രംഗത്തെത്തി. അതിന് ശേഷം നയന്‍താര വീണ്ടും വിക്കിയെ ഫോളോ ചെയ്യുകയും ഒരുമിച്ചുള്ള റൊമാന്റിക് വീഡിയോകള്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഇതോടെ സാങ്കേതിക കാരണങ്ങളാലാകും വിക്കി അണ്‍ഫോളോ ആയതെന്ന് കരുതി ആരാധകർ ആശ്വസിച്ചിരുന്നപ്പോൾ നയൻസിന്റെ അടുത്ത സ്റ്റോറിയെത്തി. ‘ഹ്ം.. എനിക്ക് നഷ്ടമായി’ എന്ന് മാത്രമായിരുന്നു ആ സ്റ്റോറി. ഇതോടെ വീണ്ടും ചർച്ചകൾ ചൂടുപിടിച്ചു. എന്നാൽ ആ ചർച്ചകൾക്കും അധികം ആയുസ് ഇല്ലായിരുന്നു. ‘നാളുകള്‍ക്ക് ശേഷം എന്റെ ബോയ്സിനൊപ്പം ഒരു യാത്ര’ എന്ന ക്യാപ്ഷനോടെ കുടുംബത്തോടൊപ്പം ഒരു ലക്ഷ്വറി യാത്ര ചെയ്യുന്നതിന്റെ ചിത്രം നയൻസ് പങ്കിട്ടതോടെ ആരാധകർ ഒന്നും മനസിലാകാത്ത അവസ്ഥയിലായി എന്ന് വേണം പറയാൻ.
ഇതോടെ ഇതെന്താ പബ്ലിസിറ്റി സ്റ്റണ്ട് ആണോ എന്ന കമന്റും ഉയരാൻ തുടങ്ങി. എന്തായാലും ഇരുവർക്കുമിടയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. എങ്കിലും എന്തിനാണ് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതെന്ന ചിലരുടെ ചോദ്യം മാത്രം ബാക്കി.