ഏറ്റവും കൂടുതൽ ആരാധകരുള്ള വിനോദമാണ് കായികം. കാൽപ്പന്ത് കളിയും ക്രിക്കറ്റും വോളി ബോളും ടെന്നിസും ബോക്സിങും എല്ലാം ആരാധകരെ സൃഷ്ടിച്ച കായിക വിനോദങ്ങളാണ്, വികാരങ്ങളാണ്. ഗാലറിയിൽ ഇരുന്നുകൊണ്ട് കളി കാണുന്ന ഓരോ ആരാധകന്റെയും ആവേശം വിലമതിക്കാനാവാത്തതാണ്. അത്തരത്തിൽ ബഹ്റൈനിലെ ജനങ്ങൾക്ക് ആവേശം പകരുന്ന ദിനമാണ് ദേശീയ കായിക ദിനാചരണം.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലും ഫെബ്രുവരി 22ന് പകുതിദിവസം മാത്രം പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് മന്ത്രിസഭ. സ്പോർട്സിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുന്നതിന് പുറമെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ ജീവനക്കാരെ അനുവദിക്കുകയും ചെയ്യുന്നതിനാണ് പ്രവർത്തി ദിനം പകുതി ദിവസമായി ചുരുക്കുന്നത്.