സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ‘ആടുജീവിതം‘ റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ ആദ്യ റിവ്യൂവുമായി എത്തിയിരിക്കുകയാണ് നജീബ്. സിനിമയിലെ നജീബല്ല, മരുഭൂമിയിലെ നരകയാതനകൾ അനുഭവിച്ച യഥാർത്ഥ നജീബ്. തന്റെ ജീവിതകഥ സ്ക്രീനിൽ കണ്ടത് നിറകണ്ണുകളോടെ മാത്രമാണെന്നും പൃഥ്വിരാജിൻ്റെ അഭിനയം തന്റെ യഥാർത്ഥ ജീവിതത്തോട് കിടപിടിക്കുന്നതാണെന്നുമാണ് നജീബ് തുറന്നുപറഞ്ഞത്.
“ഞാനന്ന് മരുഭൂമിയിൽ കിടന്നനുഭവിച്ച അതേ നരകയാതന തന്നെയാണ് ആടുജീവിതം സിനിമയിൽ പൃഥ്വിരാജ് കാണിച്ചിരിക്കുന്നത്. എന്റെ ഭാര്യയെ ഞാൻ ഉറക്കത്തിൽ ഞെട്ടിവിളിക്കുന്നൊരു രംഗമുണ്ട്. സിനിമയിൽ പൃഥ്വിരാജിന്റെ ആ വിളികേട്ട് ഞാൻ കിടിലം കൊള്ളുകയായിരുന്നു. അവിടെയിരുന്ന് ഞാൻ വിളിച്ച വിളി, പൃഥിരാജ് വിളിച്ചപ്പോൾ സത്യത്തിൽ കരഞ്ഞുപോയി. സിനിമയിൽ പൃഥിരാജ് കണ്ണാടി നോക്കുന്ന ആ രംഗം കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി. എൻ്റെ അന്നത്തെ ആ രൂപം മൊത്തം കവിളും ഒട്ടി ആകെപ്പാടെ വികൃതമായിട്ടുള്ള രൂപമായിരുന്നു അതു കണ്ടാൽ നമ്മൾ ഭയന്നു പോകുന്ന രംഗമാണത്. ഞാൻ അനുഭവിച്ച യാതനകളോട് നൂറ് ശതമാനം നീതിപുലർത്തുന്ന പ്രകടനമാണ് പൃഥിരാജ് കാഴ്ചവെച്ചിരിക്കുന്നത്” എന്നാണ് നജീബ് ഉള്ളുതുറന്ന് വെളിപ്പെടുത്തിയത്.
മാര്ച്ച് 28നാണ് പ്രേക്ഷകരിലേയ്ക്ക് ആടുജീവിതം എത്തുന്നത്. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം അന്ന് റിലീസ് ചെയ്യും. ചിത്രത്തിലെ പ്രഥ്വിരാജിന്റെ രൂപമാറ്റത്തെ കൂടാതെ ഓസ്കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു എന്നതും ജനങ്ങളെ ആകർഷിക്കുന്നുണ്ട്. എന്തായാലും യഥാർത്ഥ നജീബിന്റെ റിവ്യൂകൂടി പുറത്തുവന്നതോടെ
ചിത്രത്തിന്റെ റിലീസിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.