ചലച്ചിത്രങ്ങൾ വിസ്മയം തീർക്കുന്ന വേദികളാണ് ചലച്ചിത്ര മേളകൾ. തിയ്യറ്ററുകൾക്കപ്പുറം സിനിമാ പ്രേമികളെ ആകർഷിക്കുന്ന പ്രദർശന ഇടങ്ങളാണ് ചലച്ചിത്ര മേളകളുടെ പ്രത്യേക ആകർഷണം. മസ്ക്കറ്റും അത്തരത്തിലൊരു ആകർഷണമാവാൻ ഒരുങ്ങുകയാണ്. മസ്കറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മാർച്ച് മൂന്ന് മുതൽ ഏഴുവരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡോക്യുമെന്ററി ചിത്രങ്ങൾ, ഫിക്ഷൻ സിനിമകൾ, ഒമാനി ഷോർട്ട് ഫിക്ഷൻ ചിത്രങ്ങൾ, ഒമാനി ഡോക്യുമെന്ററി സിനിമകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി നിരവധി മത്സരങ്ങളുണ്ടാകും. കൂടാതെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ നിരവധി ചലച്ചിത്ര സംവിധായകരെയും സിനിമാതാരങ്ങളെയും ആദരിക്കുകയുംചെയ്യും.
ഇന്ത്യൻ നടനും നിർമാതാവുമായ ഷാറൂഖ് ഖാൻ, ഇറാനിയൻ സംവിധായകൻ സത്താറ, കുവൈത്തിൽ നിന്നുള്ള ഹുദ ഹുസൈൻ, ഒമാനിൽ നിന്നുള്ള അബ്ദുല്ല ഹബീബ്, മുഹമ്മദ് അൽ കിന്ദി, ബുതൈന അൽ റൈസി, തഗ്ലബ് അൽ ബർവാനി, ഖലീൽ അൽ സിനാനി, ബഹ്റൈനിൽ നിന്നുള്ള സംവിധായകൻ യാക്കൂബ് അൽ മഖ്ല, പാലസ്തീനിൽനിന്നുള്ള ഡയറക്ടർ മുഹമ്മദ് ബക്രി എന്നിവരെയാണ് മേളയിൽ ആദരിക്കുക.
സിനിമകൾ മാത്രമല്ല സെമിനാറുകൾ, ശിൽപശാലകൾ, ഫെസ്റ്റിവൽ സൂക്ക് (മാർക്കറ്റ്) എന്നിവയുൾപ്പെടെ നിരവധി പരിപാടികളും ഫെസ്റ്റിവലിനൊപ്പം ഉണ്ടായിരിക്കും. അതേസമയം ഒമാനിൽ ഒരു സിനിമ നിർമിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടാനുള്ള നടപടിക്രമങ്ങൾ പരിചയപ്പെടുത്തുന്ന സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെ മറ്റ് അനുബന്ധ പരിപാടികളും സിനിമാ മേഖലയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.