ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയൂണരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് മുവാസലാത്തും ഒരുങ്ങി കഴിഞ്ഞു. കളി കാണാൻ എത്തുന്നവർക്ക് നൂറു ശതമാനം മികവോടെ ഗതാഗത സംവിധാനങ്ങൾ ഒരുക്കുകയാണ് മുവാസലാത്ത് (കർവ). ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കളിയുത്സവത്തിൽ മുവാസലാത്തിന്റെ 900ത്തോളം ബസുകൾ യാത്ര സൗകര്യവുമായി സജീവമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 50 ശതമാനവും വൈദ്യുതി വാഹനങ്ങളായിരിക്കും ഉണ്ടാവുക.
50ലധികം രാജ്യങ്ങളിൽ നിന്ന് മികച്ച പരിശീലനം നേടിയ 1000 ഡ്രൈവർമാരും 500 സപ്പോർട്ട് ആൻഡ് ഗ്രൗണ്ട് സ്റ്റാഫും അടങ്ങുന്ന ശക്തമായ സംഘത്തെയാണ് മുവാസലാത്ത് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ലോകകപ്പ് ഫുട്ബാൾ എന്ന വലിയ മേളയിൽ നിന്നുള്ള പരിചയ സമ്പത്തുമായി ഏഷ്യൻ കപ്പിനൊരുങ്ങുന്ന മുവാസലാത്തിന്റെ ട്രയൽ റൺ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. സ്ട്രെസ് ടെസ്റ്റ് ഉൾപ്പെടെ വിപുലമായ പരിശീലന പരിപാടികളും മുവാസലാത്ത് സംഘടിപ്പിച്ചു.
ടൂർണമെന്റ് കാലയളവിൽ കുറ്റമറ്റ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസുകളും ജീവനക്കാരുമായി പരിശീലനം ആരംഭിച്ചത്. മുതിർന്ന ഉദ്യോഗസ്ഥർക്കും വ്യക്തികൾക്കും മാധ്യമപ്രവർത്തകർക്കും തടസ്സമില്ലാത്ത രീതിയിലും പ്രീമിയം അനുഭവങ്ങൾ ഉറപ്പാക്കുന്നതുമായ പ്രത്യേക ക്രമീകരണവും മുവാസലാത്തിന്റെ സർവിസിലുണ്ടാകും. ജീവനക്കാർക്കും സംഘാടകർക്കും മറ്റു ഉദ്യോഗസ്ഥർക്കും സമഗ്രമായ ഗതാഗത പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അൽ ബെയ്ത്ത്, അൽ തുമാമ, അൽ ജനൂബ്, അബ്ദുല്ല ബിൻ ഖലീഫ എന്നീ പ്രധാന സ്റ്റേഡിയങ്ങളിലേക്കുള്ള പ്രത്യേക മെട്രോ ഷട്ടിൽ സേവനങ്ങളും ലുസൈൽ സ്റ്റേഡിയത്തിനായുള്ള പാർക്ക് ആൻഡ് റൈഡ് ഓപ്ഷനുകളും ഏഷ്യൻ കപ്പിന്റെ ഭാഗമായി ഏർപ്പെടുത്തും. ഏഷ്യൻ കപ്പ് വേളയിൽ ആരാധകർക്ക് ഏറ്റവും സുഗമവും സുരക്ഷിതവുമായ യാത്രാ അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് മുവാസലാത്ത് സി.ഇ.ഒ ഫഹദ് സഅദ് അൽ ഖഹ്താനി പറഞ്ഞു. സ്റ്റേഡിയങ്ങളെയും മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ഷട്ടിൽ ബസുകളുടെ ട്രയൽ റൺ ബുധനാഴ്ചയാണ് നടന്നത്. ലുസൈൽ, അൽ ബെയ്ത് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ ആറ് കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു ട്രയൽ റൺ.