പുതുതലമുറയിലെ സിനിമ സംവിധായകർക്ക് തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള കാലമാണിതെന്നും മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കാത്തത് ആരും വിളിക്കാത്തത് കൊണ്ടാണെന്ന് ഇളയരാജ വ്യക്തമാക്കി.
അതേസമയം ഷാർജ രാജ്യാന്തര പുസ്തകമേളയിലെ വേദിയിൽ പ്രായത്തിൻ്റെ അവശതകളില്ലാതെ സംഗീതത്തെപ്പറ്റി അദ്ദേഹം വാതോരാതെ സംസാരിച്ചു.സംഗീതമെനിക്ക് ഉയിരാണ്, സംഗീതം അനന്തമാണ്, എന്നാൽ യാത്ര അങ്ങനെയല്ല, അതിന് തുടക്കവും ഒടുക്കവുമുണ്ട്, സംഗീതമെന്നും അനശ്വരമായി നിലനിൽക്കും , ഇളയരാജ വെളിപ്പെടുത്തി.
ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ‘ഇളയരാജയുടെ സംഗീത യാത്ര’ എന്ന പരിപാടിയിൽ പങ്കെടുത്തസംഗീത ആസ്വാദകരോടായിരുന്നു ഇളയരാജയുടെ പ്രതികരണം. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് തുറന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്ക് ശേഷം ഇളയരാജ എഴുതിയ പുസ്തകം വാങ്ങാനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നു.
വിവിധ ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം നൽകിയെന്ന ലോക റെക്കോഡ് ഇളയരാജക്ക് സ്വന്തമാണ്. ഇതിനകം 8500 ഗാനങ്ങൾക്ക് ഈണം പകർന്നിട്ടുണ്ട്.
2018ൽ രാജ്യം പദ്മവിഭൂഷൺ നൽകി ഇളയരാജയെ ആദരിച്ചിരുന്നു.