‘ദ കേരള സ്റ്റോറി’യ്ക്ക് പിന്നാലെ വിവാദത്തിലിടം നേടി ഒരു ചിത്രം കൂടി. ’72 ഹൂറാന്‍’ ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. സഞ്ജയ് പൂരൺ സിംഗ് ചൗഹാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 72 ഹൂറാൻ. കഴിഞ്ഞ ദിവസം ചിത്രം ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കാമ്പസിലെ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
സർവകലാശാലയുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കേണ്ട തുക ആർ.എസ്.എസ് പിന്തുണയോടെയുള്ള പരിപാടികൾക്ക് വേണ്ടി വിനിയോഗിക്കുന്നത് ശരിയല്ലെന്നാണ് സ്റ്റുഡന്റ് യൂണിയൻ അഭിപ്രായപ്പെട്ടത്. സൂദീപ്താ സെൻ സംവിധാനം ചെയ്ത ദ കേരള സ്റ്റോറിയ്ക്ക് ശേഷം മറ്റൊരു പ്രൊപ്പഗണ്ട സിനിമ ജനങ്ങളിലേക്കെത്താൻ ശ്രമിക്കുകയാണെന്നാണ് ഉയർന്നുവരുന്ന പ്രധാന ആരോപണം.
എന്നാൽ ചിത്രം ഒരു മതവിഭാഗത്തിനെയും മോശമായി ചിത്രീകരിക്കുന്നില്ലെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെയാണെന്നും നിർമ്മാതാവ് അനിൽ പാണ്ഡെയുടെ വിശദീകരിച്ചിരുന്നു. ചിത്രത്തിന് ഇതുവരെ കേന്ദ്ര സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ജൂലൈ 7ന് ചിത്രം തീയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.