ഇന്ത്യയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) പ്രമേയമായെത്തുന്ന സിനിമയുമായി പ്രവാസി മലയാളി. ‘മോണിക്ക : ഒരു എ ഐ സ്റ്റോറി’ എന്ന മലയാള ചിത്രം നിർമ്മിക്കുന്നത് കഴിഞ്ഞ 20 വർഷമായി സൗദി അറേബ്യയിലെ ദമാം കേന്ദ്രീകരിച്ച് സാമൂഹിക – സാംസ്കാരിക രംഗത്ത് സജീവമായ ബിസിനസുകാരൻ മാഹി സ്വദേശി മൻസൂർ പള്ളൂരാണ്. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധമായ ഔദ്യോഗിക വെബ്സൈറ്റിൽ (Indiaai.gov.in) സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഈ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
‘മോണിക്ക: ഒരു എഐ സ്റ്റോറി’ എന്ന സിനിമ റിലീസ് ചെയ്യുന്നതോടെ നൂതനമായ കഥപറച്ചിലിനും ആകർഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേയ്ക്ക് കടക്കുകയാണ്. ഇന്ത്യയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന ഈ സിനിമ പ്രേക്ഷകർക്ക് വേറിട്ട ചലച്ചിത്രാനുഭവം നൽകും – ഇന്ത്യയിലെ എഐ പ്രോജക്ടുകളെക്കുറിച്ചുള്ള വാർത്തകൾ, ഇവന്റുകൾ, എന്നിവ ലഭ്യമാകുന്ന ഈ ഔദ്യോഗിക വെബ്സൈറ്റിൽ ചിത്രത്തെ കുറിച്ച് ഇങ്ങനെയാണോ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ എജി ഐ റോബട്ടുകൾ ഒരു വരുംകാല യാഥാർഥ്യമാകുന്ന ഫ്യൂച്ചറിസ്റ്റിക് ആശയമാണ്. അവരുടെ മനുഷ്യസമാനമായ കഴിവുകൾ പരമ്പരാഗത എഐ റോബോട്ടുകളിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു എന്നും വെബ്സൈറ്റിൽ പറയുന്നു. ഇ. എം. അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമേരിക്കയിൽ ജനിച്ച സമൂഹ മാധ്യമ താരവും സംരംഭകയുമായ അപർണ മൾബറിയാണ്. ചിത്രത്തിൽ മജിഷ്യൻ ഗോപിനാഥ് മുതുകാടും ഒരു പ്രധാന വേഷത്തിൽ എത്തുന്നത്.