ബിജു മേനോന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നർത്തകിയായ മേതിൽ ദേവിക. ദേശീയ പുരസ്കാരം നേടിയ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന ‘കഥ ഇന്ന് വരെ’ എന്ന ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ.
സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ എത്തിയിട്ടും തന്റെ ഇഷ്ട മേഖലയായ നൃത്തത്തിൽ ഉറച്ചുനിൽക്കാനായിരുന്നു ദേവികയുടെ തീരുമാനം. 23 വർഷം മുൻപ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായികയാകാൻ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്ന് വെക്കുകയായിരുന്നു ഈ നർത്തകി. കൂടാതെ ‘കാബൂളിവാല’ ഉൾപ്പെടെയുള്ള സിനിമകളിലേക്കുള്ള ക്ഷണവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ തീരുമാനത്തിന് മാറ്റമുണ്ടായതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ദേവിക വ്യക്തമാക്കുന്നതിങ്ങനെയാണ്. “എന്നെ ഈ ചിത്രത്തിൽ എത്തിക്കാൻ വിഷ്ണു ഒരു വർഷത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. മികച്ച തിരക്കഥയാണ് ഈ ചിത്രത്തിന്റേതെന്ന് ഈ കാലയളവിനുള്ളിൽ ഞാൻ തിരിച്ചറിഞ്ഞു. തന്റെ മനസിലുള്ള നായിക ഞാൻ മാത്രമാണ് എന്ന് ബോധ്യപ്പെടുത്താനും വിഷ്ണുവിന് സാധിച്ചു” എന്നാണ് ദേവിക പറഞ്ഞത്.
ക്ലാസിക്കൽ നൃത്തത്തിൽ പ്രവീണ്യം നേടിയ മേതിൽ ദേവികയ്ക്ക് കേരള സംഗീത നാടക അക്കാദമിയുടേതടക്കം രണ്ട് സംസ്ഥാന പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ‘സർപ്പതത്വം’ എന്ന ആർക്കൈവൽ ചിത്രത്തിന് ഓസ്കാർ കണ്ടെൻഷനും ലഭിച്ചു. ഇസ്രോയുടെ (ഐ.എസ്.ആർ.ഒ) കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആന്റ് ടെക്നോളജി നിന്നും പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിക്കുന്ന ആദ്യ നർത്തകിയാണ് ദേവിക.
വിഷ്ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ ഇമാജിൻ സിനിമാസ്, പ്ലാൻ ജെ സ്റ്റുഡിയോസ് എന്നീ കമ്പനികളുടെ സഹകരണത്തോടെ വിഷ്ണുവും ചിത്രത്തിന്റെ ക്യാമറാമാനായ ജോമോൻ ടി. ജോൺ, എഡിറ്ററായ ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, പി.ബി.അനീഷ് എന്നിവർ ചേർന്നാണ് ‘കഥ ഇന്നു വരെ’ എന്ന ചിത്രം നിർമ്മിക്കുന്നത്.