സൗഹൃദത്തിന്റെ കഥ പറഞ്ഞ ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട്ടിലും സൂപ്പർ ഹിറ്റ്. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്നാട് ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. കേരളത്തിലും പുറത്തും മികച്ച പ്രതികരണം നേടിക്കൊണ്ടാണ് ചിത്രം മുന്നേറുന്നത്. ആഗോളതലത്തിൽ 175 കോടി പിന്നിട്ടുകഴിഞ്ഞ ചിത്രം 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടത്തിനരികെയാണിപ്പോൾ.
ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. ആഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ തന്നെ.
ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം കൊടൈക്കനാലിലെ ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അഭിറാം രാധാകൃഷ്ണൻ, വിഷ്ണു രഘു, അരുൺ കുര്യൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരിച്ചിട്ടുള്ളത്. 4 കോടി രൂപയ്ക്ക് കൊച്ചിയിൽ പണിത ഗുണ കേവിന്റെ സെറ്റ് വലിയ ചർച്ചയായിരുന്നു.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.