നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിലല്ല കലാകാരനെ വിലയിരുത്തേണ്ടതെന്നും ഇത്തരം അധ്യാപകർ കലാമണ്ഡലത്തിന് നാണക്കേടാണെന്നുമാണ് താരം തുറന്നടിച്ചത്. ആദ്യമായി ഒരു പൊതുവിഷയത്തേക്കുറിച്ച് പൊതുവേദിയിൽ വെച്ച് പ്രതികരിച്ചിരിക്കുകയാണ് മല്ലിക.
“നിറത്തിന്റെ അടിസ്ഥാനത്തിലല്ല കലാകരനെ വിലയിരുത്തേണ്ടത്. കലയ്ക്ക് നിറം വരാൻ പാടില്ല. ഇങ്ങനെ പറയുന്ന അധ്യാപികമാരെ കലാമണ്ഡലത്തിൽ നിന്ന് അടിച്ചിറക്കണം. ഇത്തരക്കാരുടെ പേരിൽ നിന്ന് കലാമണ്ഡലം എന്ന ലേബൽ തന്നെ എടുത്ത് മാറ്റുകയാണ് വേണ്ടത്. ഇല്ലെങ്കിൽ അത് കലാമണ്ഡലത്തിന് നാണക്കേടാണ്. രാമകൃഷ്ണൻ നല്ലൊരു കലാകാരനാണ്. നന്നായി നൃത്തം ചെയ്യും. കല എന്നത് വഴിയേ പോകുന്നവർക്ക് കിട്ടുന്നതല്ല. രാമകൃഷ്ണനേക്കുറിച്ച് ഒരു അധ്യാപിക ഇങ്ങനെ പറഞ്ഞെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവരോട് ദേഷ്യത്തേക്കാൾ എനിക്കുണ്ടായത് ദു:ഖമായിരുന്നു.
ഒറിജിനൽ കലാമണ്ഡലം സത്യഭാമ ടീച്ചർ മരിച്ചു. ഞാൻ ഒരുപാട് ബഹുമാനിച്ചിരുന്ന ഒരാളായിരുന്നു സത്യഭാമ ടീച്ചർ. എന്നാൽ ഇത് ഡ്യൂപ്ലിക്കേറ്റ് ആണ്, ഡമ്മി. ഇവരെയൊക്കെ മിമിക്രി അവതരിപ്പിക്കാൻ കൊള്ളം. അധ്യാപകരെന്ന് പറയുമ്പോൾ നമ്മുടെ മനസിൽ ഒരു സങ്കല്പമുണ്ട്. അവർ പറയുന്ന ഭാഷയ്ക്ക് ഒരു സഭ്യത വേണം. ഈ പറയുന്നതാര് മദാമ്മയോ. ഈ പറഞ്ഞ കാര്യങ്ങൾ ഒരു മോഹിനി പറഞ്ഞാൽ സമ്മതിച്ചുകൊടുക്കാം. ഇവർ മോഹിനിയാണെന്ന് ആരാണ് പറഞ്ഞത്. മോഹിനിയുടെ ഏഴ് അയലത്ത് പോലും എത്താത്തവരാണ് ഇത്തരത്തിൽ സംസാരിക്കുന്നത്.
കേരളത്തിൽ നിരവധി സാംസ്കാരിക സംഘടകൾ ഉണ്ട്, സിനിമാ സംഘടനകൾ ഉണ്ട്. എന്നാൽ അവരാരും ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഒന്ന് ശബ്ദിക്കുന്നുപോലുമില്ല, അത് വളരെ നാണക്കേടാണ്. ഇവർക്കെതിരെ സർക്കാരും പ്രതികരിക്കണം” എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.