ബ്രസീലിനെ അട്ടിമറിച്ച് കാമറൂൺ ചരിത്രമെഴുതി. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ 1–0നാണ് മുൻ ലോകചാംപ്യൻമാരെ കാമറൂൺ കീഴടക്കിയത്. ഇൻജുറി ടൈമിലെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ വിൻസൻ്റ് അബൂബക്കറാണ് ലോകത്തെ ഞെട്ടിച്ച ഗോൾ നേടിയത്. ഈ ലോകകപ്പിൽ ബ്രസീൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു അത്. ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 6 പോയിൻ്റുള്ള ബ്രസീൽ ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിൽ കളിക്കും. ഇതേ ഗ്രൂപ്പിൽ സെർബിയയെ 3–2നു കീഴടക്കിയ സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനക്കാരായാണ് യോഗ്യത നേടത്. കാമറൂണും സെർബിയയും പുറത്തായി. ബ്രസീൽ– ദക്ഷിണ കൊറിയ പ്രീക്വാർട്ടർ മത്സരം 5നു നടക്കും.
ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കൻ ടീമിനെതിരെ ബ്രസീലിൻ്റെ തോൽവി ആദ്യമാണ്. മുൻപ് 7 മത്സരങ്ങളിലും ബ്രസീൽ വിജയിച്ചിരുന്നു.
നാലു വർഷം മുൻപ് റഷ്യൻ ലോകകപ്പിൽ നടത്തിയ അതേ അട്ടിമറി വിജയം ഖത്തറിലും ആവർത്തിച്ച് ദക്ഷിണ കൊറിയ . നിർണായക മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ അട്ടിമറിച്ചാണ് ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടംനേടിയത്. കഴിഞ്ഞ ലോകകപ്പിൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമനിയെ തോൽപിച്ചായിരുന്നു ദക്ഷിണ കൊറിയയുടെ മുന്നേറ്റം. റിക്കാർഡോ ഹോർത്ത (6’) പോർച്ചുഗലിനായി ഗോൾ നേടിയപ്പോൾ കിം യങ് ഗ്വൻ (28’), ഹീ ചാൻ ഹ്വാങ് (90+1’) എന്നിവരുടേതാണ് ദക്ഷിണ കൊറിയയുടെ ഗോളുകൾ.
മൂന്ന് മത്സരങ്ങളിൽ 4 പോയിൻ്റ് നേടി ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണ കൊറിയ പ്രീക്വാർട്ടറിലെത്തിയത്. 6 പോയിൻ്റ് നേടിയ പോർച്ചുഗൽ നേരത്തേതന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിരുന്നു.