മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത ‘കാതൽ ദി കോർ’ ചിത്രം ഇനി ഒടിടിയിൽ കാണാൻ അവസരം. മമ്മൂട്ടി തന്നെയാണ് ഈ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഇന്ന് രാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് മമ്മൂട്ടി കുറിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്ത് 50 ദിവസങ്ങൾ പിന്നിടുമ്പോഴാണ് കാതൽ ഒടിടിയിൽ എത്തുന്നത്.
2023-ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് കാതൽ ദി കോർ. നിരൂപക – പ്രേക്ഷക പ്രശംസ നേടിയതിന് പുറമെ ചിത്രം തിയേറ്ററിലും വൻ വിജയമായിരുന്നു. കാതലിനെ പ്രശംസിച്ച് ദി ന്യൂയോർക്ക് ടൈംസിൽ വരെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതോടൊപ്പം സിനിമയെയും ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. സിനിമയിൽ സ്വവർഗാനുരാഗിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായ മമ്മൂട്ടിയുടെ തീരുമാനം വലിയ സ്വീകാര്യത നേടിയിരുന്നു.
നവംബർ 23-നാണ് കാതൽ തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ. കൂടാതെ മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവർക്കൊപ്പം ലാലു അലക്സ്, ആർ.എസ്. പണിക്കർ, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.