ഐശ്വര്യ രജനി കാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ ലാൽ സലാമിൽ ‘ രജനികാന്തിനൊപ്പം കപിൽ ദേവും. കപിൽ ദേവിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നടൻ രജനികാന്ത് പറഞ്ഞു. കപിൽ ദേവിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് രജനി സന്തോഷം പങ്കുവച്ചത്.
ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസമാണ് കപിൽ ദേവ്.ആദരണീയനായ കപിൽ ദേവ്ജിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ് ഇതെന്നും രജനി ട്വീറ്റ് ചെയ്തു. വാനിറ്റി വാനിനുള്ളില്‍ രജനികാന്തിനൊപ്പമുള്ള ചിത്രം കപിൽ ദേവും പങ്കുവെച്ചിട്ടുണ്ട്.
ലാല്‍സലാമില്‍ കാമിയോ റോളിലാണ് രജനികാന്ത് എത്തുന്നത്. കപില്‍ ദേവ് അതിഥി വേഷത്തിൽ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ‘ലാൽ സലാമിലെ’ രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മൊയ്തീന് ഭായ് എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് മറ്റുതാരങ്ങൾ. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.