നടി കങ്കണാ റണൗട്ടും ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ നിഷാന്ത് പിറ്റിയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങളും ഇതിന് മുൻപ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അതിനോടൊപ്പം മറ്റൊരു വലിയ രഹസ്യവും അവർ പങ്കുവെച്ചു.
താൻ ഒരാളുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടി. എന്നാൽ അത് നിഷാന്ത് പിറ്റി അല്ലെന്നും അവർ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് താരം തന്റെ ഡേറ്റിങ്ങിനേക്കുറിച്ച് തുറന്ന് പറഞ്ഞത്.
‘നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാൻ മറ്റൊരാളുമായി പ്രണയത്തിലാണ്. ദയവായി ശരിയായ സമയത്തിനായി നിങ്ങൾ കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്’ എന്നാണ് കങ്കണ റണാവത്ത് കുറിച്ചത്. എല്ലാ ദിവസവും ഒരു യുവതിയെ ഒരു ‘പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് ശരിയല്ല. ഒരുമിച്ച് ചിത്രങ്ങളെടുത്തതിന്റെ പേരിൽ പ്രണയത്തിലാവണമെന്നില്ല. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും കങ്കണ കൂട്ടിച്ചേർത്തു.
അയോധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് എത്തിയപ്പോൾ ഇരുവരും ഒരുമിച്ച് ചിത്രങ്ങൾ എടുത്തു. പിന്നീട് തിങ്കളാഴ്ച രണ്ടുപേരും ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നത്.