തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് കോടികൾ വാരിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. എറണാകുളത്തെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സും ഹിറ്റായിരുന്നു. ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സിനെ കാണാൻ എത്തിയിരിക്കുന്നത് ഉലകനായകൻ കമൽഹാസൻ തന്നെയാണ്.
മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ ഷാഹിർ അവതരിപ്പിച്ച കുട്ടേട്ടൻ എന്ന കഥാപാത്രത്തിന് പ്രചോദനമായ സിജു ഡേവിഡ് ആണ് കമൽഹാസനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിന് ഇടയിൽ കമൽഹാസൻ ഇരിക്കുന്ന ചിത്രം ഉൾപ്പെടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സ്വപ്നം യാഥാർത്ഥ്യമായി എന്ന കുറിപ്പോടെയാണ് സിജു ചിത്രങ്ങൾ പങ്കിട്ടത്.
ചെന്നൈയിൽ വെച്ചാണ് മഞ്ഞുമ്മൽ ബോയ്സ് കമൽഹാസനെ കണ്ടത്. സിനിമ ഹിറ്റായതോടെ സിനിമാ താരങ്ങൾക്കൊപ്പം റിയൽ മഞ്ഞുമ്മൽ ബോയ്സും ശ്രദ്ധേയരായിരുന്നു. ഇതിനിടെയാണ് കമൽഹാസനും യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതോടെ ബോയ്സ് ചെന്നൈയിലേയ്ക്ക് പറന്നെത്തുകയും ചെയ്തു. മുമ്പ് മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും കമൽഹാസൻ നേരിൽ കണ്ടിരുന്നു.