നടൻ കാളിദാസ് ജയറാമും മോഡൽ താരിണി കലിംഗരായരുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വിവരം പുറംലോകമറിയുന്നത്. നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. വളരെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്.
കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണിക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം അന്ന് പങ്കുവെച്ചത്. കൂടാതെ തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും താരിണി സജീവമായി ഉണ്ടായിരുന്നു.
താരിണിയെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് കഴിഞ്ഞദിവസം ഒരു പൊതുവേദിയിൽ വെച്ച് കാളിദാസ് തുറന്നുപറഞ്ഞിരുന്നു. മോഡലായ താരിണിയുമായുള്ള പ്രണയം കാളിദാസ് ഷി അവാർഡ് വേദിയിലാണ് വെളിപ്പെടുത്തിയത്. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023-ലെ അവാർഡ് നേടിയപ്പോഴായിരുന്നു വേദിയിൽ വെച്ച് കാളിദാസ് ഇരുവരുടെയും വിവാഹത്തേക്കുറിച്ച് സൂചിപ്പിച്ചത്. നീലഗിരി സ്വദേശിനിയാണ് താരിണി. ഇരുവരുടെയും വിവാഹം എപ്പോഴാണെന്ന് വ്യക്തമല്ല.