2018 ൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവൺ ഈസ് ഹീറോ’. ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. ചിത്രം ഓസ്കർ ചുരുക്ക പട്ടികയിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഇടംപിടിക്കുകയും ചെയ്തു. എന്നാൽ 15 സിനിമകളുടെ പട്ടികയിൽ 2018 ന് ഇടം നേടാൻ കഴിഞ്ഞില്ല.
ഓസ്കർ പട്ടികയിൽ നിന്ന് ചിത്രം പുറത്തായതിന് പിന്നാലെ തങ്ങളെ പിന്തുണച്ചവരോട് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ജൂഡ് ആന്റണി. നിരാശപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നുവെന്നും ഓസ്കറിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതകാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന സ്വപ്നതുല്യമായ ഒരു യാത്രയായിരുന്നെന്നും സംവിധായകൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
‘ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതും ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി എന്നതും ഒരു ചലച്ചിത്രകാരനെ സംബന്ധിച്ച് അപൂർവ നേട്ടമാണ്. ഈ അവസരത്തിൽ നിർമാതാക്കള്‍ക്കും കലാകാരന്മാർക്കും ടെക്നീഷന്മാർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സിനിമയെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ദേശീയ ഫിലിം ഫെഡറേഷനും രവി കൊട്ടാരക്കരയ്ക്കും പ്രത്യേകം നന്ദി-ജൂഡ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
മലയാള സിനിമയിലെ വലിയ താരനിരയായിരുന്നു 2018 ൽ അണിനിരന്നത്. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ലാൽ, അജു വർഗീസ്, അപർണ ബാലമുരളീ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തിയത്. മാത്രമല്ല, ചിത്രം ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഗുരു, ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്നിവയാണ് ഇതിന് മുൻപ് ഓസ്കർ എൻട്രി നേടിയ മറ്റ് മലയാള ചിത്രങ്ങൾ. എന്നാൽ ഈ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നില്ല.