ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാൻ’ ആയിരം കോടിയിലേക്ക് കുതിക്കുന്നു. ‘ജവാൻ’ ഇതുവരെ നേടിയിരിക്കുന്നത് 907 കോടിയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്. ആയിരം കോടിയിലേക്കെത്താൻ ഇനി വെറും 93 കോടി മാത്രം നേടിയാൽ മതിയാവും. ഇതോടെ ഒരു വർഷം രണ്ട് ചിത്രങ്ങള്‍ ആയിരം കോടി ക്ലബ്ബിലെത്തുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറും.
ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. സൗത്ത് ഇന്ത്യയിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കളക്ഷനാണ് ഇത്. ഇതുവരെ ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ തന്നെ പഠാനുമാണ്.
ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ 27 ദിവസം കൊണ്ട് ആയിരം കോടി നേടിയിരുന്നു. ദംഗൽ ആകട്ടെ ചൈനീസ് റിലീസോടെ ആയിരം കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയായിരുന്നു.