ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ പരാജയപ്പെടുത്തി സ്വർണം നേടി ഇന്ത്യ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. പാരിസ് ഒളിംപിക്സിനുള്ള യോഗ്യതയും ഇന്ത്യൻ ഹോക്കി ടീം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന 22–ാമത്തെ സ്വർണമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 95 ആയി ഉയർന്നു. ചൈനയിൽ ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചു കഴിഞ്ഞു. അമ്പെയ്ത്തിൽ മൂന്ന് മെഡലുകളും കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിന്റൻ, ക്രിക്കറ്റ്, എന്നിവയിൽ ഓരോ മെഡലുകള്‍ വീതവും ലഭിക്കുന്നതോടെ മെഡലുകളുടെ എണ്ണം 100 ആവും.
2018ലെ ജക്കാർത്ത ഗെയിംസിൽ 70 മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമാണ് ഇന്തൊനീഷ്യയിൽ നടന്ന ഗെയിംസിൽ സ്വന്തമാക്കിയത്. ഹാങ്ചോയിൽ 100 മെഡലുകൾ എന്ന ലക്ഷ്യവുമായാണ് ഇന്ത്യ എത്തിയത്. ബ്രിജിൽ ഇന്ത്യൻ പുരുഷ ടീം വെള്ളി നേടി. പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലവും നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16–21,9–21 എന്ന സ്കോറിനായിരുന്നു പ്രണോയ് തോറ്റത്. അമ്പെയ്ത്ത് റീകർവ് ടീം ഇനത്തില്‍ ഇന്ത്യൻ പുരുഷ ടീം സെമിയിലെത്തുകയും ചെയ്തിട്ടുണ്ട്. ഷൂട്ട് ഓഫിൽ മംഗോളിയയെ തോൽപിച്ചാണ് അതാനു ദാസ്, ഭിരാജ്, തുഷാർ എന്നിവർ സെമിയിലെത്തിയത്.
അതേസമയം വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയിൽ കിരൺ ബിഷ്ണോയ് വെങ്കലം നേടി. മംഗോളിയൻ താരത്തെ 6–3നാണ് കിരൺ പരാജയപ്പെടുത്തിയത്. എന്നാൽ ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‍രംഗ് പുനിയ സെമിയില്‍ പരാജയപ്പെട്ടു. ഇറാന്റെ മുൻ ലോകചാംപ്യൻ റഹ്മാൻ അമോസാദ്കയ്‍ലിയോടാണ് ബജ്‌രംഗ് 1–8ന് തോറ്റത്. ഇനി വെങ്കല മെഡലിനായി താരം മത്സരിക്കും.