ഖത്തർ മാസ്റ്റേഴ്സ് ചെസിന്റെ അവസാന റൗണ്ടിൽ ലീഡ് പിടിച്ച് അർജുനും എസ്.എൽ നാരായണനും. മാഗ്നസ് കാൾസനെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ തിളങ്ങുന്നത്. എട്ട് റൗണ്ട് പിന്നിട്ട പോരാട്ടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള അർജുൻ എറിഗൈസി 6.5 പോയന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ഡേവിഡ് പരവ്യാനെ തോൽപിച്ചാണ് അർജുൻ നിർണായക ലീഡിലേക്കെത്തിയത്.
അതേസമയം സമനില പാലിച്ച എസ്.എൽ നാരായണൻ, എം. കാർത്തികേയൻ എന്നിവർ ആറ് പോയന്റുമായി തൊട്ടു പിറകിലായുണ്ട്. ഏഴാം റൗണ്ടിൽ കാൾസനെ അട്ടിമറിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ കാർത്തികേയനാണ് എസ്.എൽ നാരായണനെ സമനിലയിൽ തളച്ചത്. ഇരുവർക്കും ആറ് പോയന്റ് വീതമാണ് നിലവിലുള്ളത്. കൂടാതെ ഹികാരു നകാമുറ ഇന്ത്യൻ താരം പ്രണവിനെ തോൽപിച്ച് നിർണായക ഒരു പോയന്റുമായി മുൻനിരയിലെത്തിയിട്ടുമുണ്ട്.