ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം വിജയം. അഫ്ഗാനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്റെ 273 റൺസ് വിജയലക്ഷ്യം അനയാസം ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ അസാധ്യ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ചത്. 84 പന്തിൽ 131റൺസ് നേടിയ രോഹിത് ശർമയുടെ അതിവേഗ സെഞ്ചുറി 35 ഓവറിൽ ഇന്ത്യയുടെ വിജയം പൂർത്തിയാക്കി.
ഗംഭീരമായ തുടക്കമാണ് രോഹിത്-കിഷൻ കൂട്ടുക്കെട്ട് ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 156 റൺസ് കൂട്ടിചേർത്തു. 63 ആമത്തെ പന്തിൽ രോഹിത്തിന്റെ സെഞ്ചുറി ഇന്ത്യയ്ക്ക് മിന്നും വിജയത്തിലേക്കുള്ള വഴി തെളിച്ചു. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയാണ് രോഹിത് നേടിയത്.
അഞ്ച് സിക്‌സും 16 ഫോറും ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. കൂടാതെ വിരാട് കോലി (പുറത്താവാതെ 55), ഇഷാൻ കിഷൻ (47) വിജയത്തിന് നിർണായ പിന്തുണ നൽകി. എന്നാൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമർസായ് (62) എന്നിവരുടെ ഇന്നിംഗ്‌സാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ച ഏക ഘടകം.