സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷാണ് ഇളയരാജയായെത്തുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇളയരാജ മുഖ്യാതിഥിയായ ചടങ്ങില്‍ കമല്‍ ഹാസന്‍, ധനുഷ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ട ഒരാളാണ് താനെന്നും വർഷങ്ങളായുള്ള സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കാൻ പോകുന്നതെന്നും ധനുഷ് പറഞ്ഞു.
‘ഇളയരാജ സാറിന്റെ പാട്ടുകള്‍ കേട്ട് ഉറങ്ങുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ഇളയരാജ സാറായി അഭിനയിക്കണമെന്ന് അതിയായി ആഗ്രഹിച്ച് പല രാത്രികളിലും ഉറക്കം നഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. രണ്ടുപേരുടെ ജീവിചരിത്രമാണ് ഞാന്‍ സിനിമയില്‍ അവതരിപ്പിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. അതിലൊരാള്‍ ഇളയരാജ സാറായിരുന്നു. മറ്റൊരാള്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഒന്നിതാ നടക്കാന്‍ പോകുന്നു. ഞാന്‍ ഇളയരാജ സാറിന്റെ ആരാധകനാണ്, ഭക്തനാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അഭിനയം അറിയാത്ത കാലം മുതല്‍ ഈ നിമിഷം വരെ അദ്ദേഹത്തിന്റെ ഈണങ്ങളായിരുന്നു എന്റെ വഴികാട്ടി. ഓരോ രംഗങ്ങളും എങ്ങിനെ ചെയ്യണമെന്ന് അത് എനിക്ക് പറഞ്ഞുതരുന്നത് അദ്ദേഹത്തിന്റെ സംഗീതമാണ്’- ധനുഷ്
‘ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു വലിയ വെല്ലുവിളിയാണ്, ഉത്തരവാദിത്തമാണെന്ന് എല്ലാവരും പറയുന്നുണ്ട്. അതെനിക്കറിയില്ല, അദ്ദേഹത്തിന്റെ സംഗീതം എന്നെ മുന്നോട്ട് നടത്തുമെന്നാണ് എന്റെ വിശ്വാസം. എങ്ങിനെ അഭിനയിക്കണമെന്ന് എനിക്ക് പറഞ്ഞുതരും. ഞാന്‍ ഈ ചടങ്ങ് നടക്കുന്നതിന് മുന്നോടിയായി വേദിയിലേക്ക് വരുന്ന അവസരത്തില്‍ അദ്ദേഹത്തോട് മുന്നില്‍ നടക്കാന്‍ പറഞ്ഞു. ഞാന്‍ പിറകില്‍ നടന്നോളാമെന്നും. അപ്പോള്‍ അദ്ദേഹം ചോദിച്ചു, ”അതെന്താ ഞാന്‍ നിന്റെ ഗൈഡ് ആണോ” എന്ന്. അതെ സാര്‍ താങ്കള്‍ എന്റെ ഗൈഡാണ്. അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന കാലം മുതല്‍ ഇപ്പോള്‍ വരെ ഇളയാരാജ സാര്‍ എന്റെ കൂടെയുണ്ട്. ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമാണ് എനിക്ക് ലഭിച്ചിരിക്കുന്ന ഈ അവസരം’.- ധനുഷ് പറഞ്ഞു.
ശ്രീറാം ഭക്തിസാരന്‍, സി.കെ പദ്മകുമാര്‍, വരുണ്‍ മാതൂര്‍, ഇളംപരിതി ഗജേന്ദ്രന്‍, സൗരഭ് മിശ്ര എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ഇളയരാജ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.