ഒരു കലാകാരൻ എന്ന നിലയിൽ ഇന്ത്യയിൽ നടക്കുന്ന സംഭവവികാസങ്ങളിൽ ഭയം തോന്നുന്നുവെന്ന് സംവിധായകൻ ജിയോ ബേബി. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേൽ സെൻസറിങ് നടക്കുന്നുണ്ടെന്നും ഇത് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.
“ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഭയം തോന്നുന്നു. സിനിമയ്ക്ക് മേൽ മതപരമായും രാഷ്ട്രീയപരമായും സെൻസറിങ് നടക്കുകയാണ്. ഇത് സംവിധായകരെയോ നിർമ്മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ്. സിനിമകളുടെ പ്രമേയത്തിന്റെ പേരിൽ ഞാൻ നിരവധി എതിർപ്പുകളും വിമർശനങ്ങളും ഇതിനോടകം നേരിട്ടിട്ടുണ്ട്” എന്നാണ് ജിയോ ബേബി തുറന്നുപറഞ്ഞത്.
അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘കാതൽ ദി കോർ’ സ്വവർഗ്ഗാനുരാഗിയായ ഒരു പുരുഷൻ്റെ കഥയാണ് പറയുന്നത്. സമൂഹത്തിൻ്റെ ചട്ടക്കൂടുകൾക്കുള്ളിൽ തന്റെ ലൈംഗികത അടിച്ചമർത്തി ജീവിക്കേണ്ടി വന്ന മാത്യു ദേവസി എന്ന വ്യക്തിയെ അവതരിപ്പിച്ച ചിത്രം ഇതിനോടകം നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ചിത്രത്തിലെ മമ്മൂട്ടി, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിമർശനങ്ങൾക്കിടയിലും മികച്ച പ്രതികരണവും കാതൽ നേടിയിരുന്നു. കൂടാതെ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രവും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.