ഇനിയില്ല, അതിമനോഹരമായ ആവിഷ്കാരം കൊണ്ട് മലയാള സിനിമയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച ആ അത്ഭുത പ്രതിഭ. വിസ്മയിപ്പിക്കുന്ന ഷോട്ടുകളും സീനുകളും പകർത്തിയ ആ കൈകൾ ക്യാമറയോട് വിട പറഞ്ഞിരിക്കുന്നു. യോദ്ധയും വ്യൂഹവും ഗാന്ധർവവും നിർണയവും പോലെയുള്ള സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച, സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. മലയാളം മാത്രമല്ല, ഹിന്ദിയിലും ഇരുപതോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
രഘുവരനെ നായകനാക്കിക്കൊണ്ട് ‘വ്യൂഹം’ എന്ന ചിത്രത്തിലൂടെ (1990) സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം യോദ്ധ, ഡാഡി, ഗാന്ധർവം , നിർണയം, ജോണി, സ്നേഹപൂർവം അന്ന തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ഇന്ത്യൻ സിനിമയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് ഇതിന് ഉദാഹരണമാണ്.
1997 ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിലും തന്റെ പാദമുദ്ര പതിപ്പിച്ചു. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്ലിക്ക്, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് ബോളിവുഡിലും സംഗീത് ശിവൻ മികച്ചസംവിധായകനായി തിളങ്ങി. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ അദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.
ഡോക്യുമെന്ററികളിലൂടെ അച്ഛന്റെയും സഹോദരന്റെയും സഹായിയായി എത്തി സിനിമയുടെ നെറുകയിൽ സ്വന്തം സൗദം പണിത അതുല്യ പ്രതിഭയാണ് സംഗീത് ശിവൻ. വലിയ താരനിരകൾ ഒഴിവാക്കിക്കൊണ്ട് സ്വന്തം ശൈലിയിൽ സിനിമകൾ ചെയ്യാനുള്ള സഹോദരന്റെ പ്രേരണയിൽ അദ്ദേഹം ആത്മവിശ്വാസം കണ്ടെത്തി. അങ്ങനെ മലയാളത്തിനും ബോളിവുഡിനും വ്യത്യസ്തനായ സംവിധായകനെ കിട്ടി. ഇനിയുണ്ടാവുമോ വ്യൂഹവും യോദ്ധയും പോലൊരു സിനിമ? അകാലത്തിൽ പൊലിഞ്ഞ അതുല്യ പ്രതിഭയ്ക്ക് ആദരാജ്ഞലികൾ.