നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സംവിധായകനാവനൊരുങ്ങി തമിഴ് താരം ധനുഷ്. കരിയറിലെ അൻപതാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കാൻ ഒരുങ്ങുകയാണ് താരം. ‘D50’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താത്കാലിക പേര്. സൺ പിക്ചേഴ്സാണ് ‘D50’ നിർമ്മിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. 2017-ൽ പുറത്തിറങ്ങിയ ‘പാ പാണ്ടി’യാണ് ധനുഷിന്റെ ആദ്യ സംവിധാന സംരംഭം.
ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്. ഒരു ഗാങ്സ്റ്റർ ഡ്രാമയായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്. ധനുഷിനൊപ്പം എസ്ജെ സൂര്യ, വിഷ്ണു വിശാൽ എന്നിവരും ചിത്രത്തിൽ മറ്റ്റി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ക്യാപ്റ്റൻ മില്ലറാണ് ധനുഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ‘സാണി കായിതം’ എന്ന ചിത്രത്തിന് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷൻ ചിത്രം 1940 കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. തെലുങ്ക് താരം സുന്ദീപ് കിഷൻ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, പ്രിയങ്കാ മോഹൻ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നത്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.