ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക പോരാട്ടത്തില്‍ തകർന്നടിഞ്ഞ് ശ്രീലങ്ക.55 റൺസ് മാത്രം നേടിയാണ് ശ്രീലങ്ക ദയനീയമായ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ ലക്ഷ്യസ്ഥാനം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 14 റണ്‍സ് എടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടം. ഇതോടെ സെമിയിലേക്കുള്ള യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ശ്രീലങ്കന്‍ മുന്‍നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെയാണ് പുറത്തായത്. ബുംമ്ര എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടായി. ശ്രീലങ്കയ്‌ക്കെതിരെ ഏഷ്യാകപ്പ് ഫൈനലില്‍ തകര്‍ത്തെറിഞ്ഞ സിറാജ് ആ പ്രകടനത്തിന്റെ പോലെ ഇന്നും ശ്രീലങ്കന്‍ ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്തി. മൂന്ന് വിക്കറ്റുകളാണ് ഇതുവരെ താരം നേടിയത്. ലോകകപ്പില്‍ മിന്നുന്ന ഫോം തുടരുന്ന മുഹമ്മദ് ഷമി 3 വിക്കറ്റും ബുംമ്ര ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. എന്നാൽ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മധുശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ പതുക്കെ കരകയറ്റി. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി 88 റണ്‍സാണ് എടുത്തത്.
ശ്രീലങ്കക്കായി മധുശങ്ക 80 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ചമീര ഒരു വിക്കറ്റെടുത്തു. അതേസമയം ഏകദിന സെഞ്ചുറികളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താൻ വിരാട് കോലി ഇനിയും കാത്തിരിക്കണം. ഏകദിനത്തില്‍ നിലവില്‍ സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികളാണ് ഉള്ളത്. എന്നാൽ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ തന്നെ കോലി സച്ചിന്റെ റെക്കോര്‍ഡിന് അരികിലെത്തിയിരുന്നു.