ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇനി മുതൽ മികച്ച വെബ്സീരീസിനുള്ള പുരസ്കാരവും നൽകും. കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യൻ ഭാഷയിൽ ചിത്രീകരിച്ച ഒറിജിനൽ സീരീസുകൾക്കായിരിക്കും പുരസ്കാരം നൽകുക. ട്വിറ്ററിലൂടെയാണ് മന്ത്രി ഐഎഫ്എഫ്ഐയിലെ പുതിയ മത്സരവിഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്.
ഇന്ത്യയിലെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രമേളയിൽ വെബ്സീരീസുകൾക്കും പുരസ്കാരം നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, പുതിയ സൃഷ്ടികൾ ഉണ്ടാകുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, ഒടിടി വ്യവസായത്തിന്റെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളും പുരസ്കാരം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അസാമാന്യ പ്രതിഭകളെക്കൊണ്ട് സമ്പന്നമായ രാജ്യമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്ത്യൻ ഭാഷയിൽ ചിത്രീകരിച്ച യഥാർത്ഥ വെബ് സീരീസിനാണ് ഐഎഫ്എഫ്ഐ യിൽ പുരസ്കാരം നൽകുന്നത്. മാത്രമല്ല ഈ വർഷം മുതൽ ഇനിയുള്ള എല്ലാവർഷവും വെബ്സീരീസുകൾക്കുള്ള പുരസ്കാരം നൽകുമെന്ന് അനുരാഗ് താക്കൂർ വ്യക്തമാക്കി. 2023 നവംബർ 20 മുതൽ നവംബർ 28 വരെയാണ് 54-ാമത് ഐഎഫ്എഫ്ഐ ഗോവയിൽ നടക്കുക.