തമിഴ് സിനിമാ രംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങി നടി ഭാവന. അഞ്ച് വർഷത്തിന് ശേഷം മലയാളത്തിൽ ഭാവന നായികയായി എത്തിയ ചിത്രമായിരുന്നു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദീൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. പത്തുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിൽ തിരിച്ചെത്തുന്നു എന്ന വർത്തയാണ് താരം പങ്കുവച്ചത്. ‘ദ് ഡോർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഭാവനയുടെ സഹോദരനായ ജയദേവ് ആണ്. ചിത്രത്തിന്റെ നിർമാണം ഭാവനയുടെ ഭർത്താവ് നവീൻ രാജനും. ഭാവനയുടെ പിറന്നാൾ ദിനമായ ജൂൺ ആറിന് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് പ്രിയപ്പെട്ടവൾക്ക് ഗംഭീര പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് നവീനും ജയദേവും.
ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ നവീൻ രാജനും ഭാവനയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായി റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളിലൂടെ സജീവമായ ഭാവന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ജോണറുകളിലായി 80ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.
പത്തു വർഷങ്ങൾക്ക് മുൻപ് തമിഴ് താരം അജിത്തിന്റെ ‘അസൽ’ എന്ന ചിത്രത്തിലാണ് അവസാനമായി ഭാവന നായികയായി എത്തിയ തമിഴ് ചിത്രം.ഷാജി കൈലാസിന്റെ ഹണ്ട്, ശങ്കർ രാമകൃഷ്ണന്റെ റാണി, റഹ്മാൻ പ്രോജക്ട് എന്നിവയാണ് ഭാവനയുടെ പുതിയ സിനിമകൾ. പ്രശസ്ത സംവിധായകന് മിഷ്കിന്റെ അസോഷ്യേറ്റായിരുന്നു ഭാവനയുടെ സഹോദരനായ ജയദേവ്. കലൈയരശൻ നായകനായി എത്തി 2018 ൽ റിലീസ് ചെയ്ത പട്ടിണപാക്കം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജയദേവ് സംവിധാന രംഗത്തെത്തിയത്.