നിരവധിയായ പ്രേക്ഷകരുടെ പ്രാർത്ഥനകൾക്ക് നന്ദിയറിയിച്ച് നടൻ ബാല. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ബാല വീഡിയോ പങ്കുവെച്ചത്.
താൻ സുഖമായിരിക്കുന്നു എന്നും ഇനി നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ബാല പറഞ്ഞു.
ഫേസ്ബുക്ക് വീഡിയോയിലൂടെ ബാല പറഞ്ഞത് ഇങ്ങനെ
ഏകദേശം രണ്ട് മാസമായി ഇങ്ങനെ വന്നു സംസാരിച്ചിട്ട്. നിങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് വീണ്ടും ഒരു പുതിയ ജീവിതം മുമ്പോട്ട് പോവുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. അത് ഞാൻ അറിഞ്ഞത് ലക്ഷക്കണക്കിന് പേരിലൂടെ എന്റെ ജന്മദിനത്തിനാണ്. ആ സ്നേഹത്തിന് നന്ദി. സമയം വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം.
അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിനേക്കാളുപരി നിങ്ങളുടെ പ്രാർത്ഥനകളാണ്. എനിക്ക് വേണ്ടി ഒരുപാടുപേർ പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ കാണാൻ പറ്റും. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം.