രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച ‘ബാഹുബലി’ വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി രൂപയാണ്. പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ബിജയ് ആനന്ദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് വർഷത്തോളം സീരീസ് ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് ഉപേക്ഷിക്കുകയായിരുന്നു.
ബാഹുബലി സിനിമകളുടെ കൂറ്റൻ വിജയത്തിന് ശേഷം നെറ്റ്ഫ്ലിക്സുമായി ചേർന്ന് ഒരു പ്രീക്വൽ നിർമ്മിക്കുമെന്ന് സംവിധായകൻ രാജമൗലി 2018-ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ട് വർഷത്തെ ചിത്രീകരണത്തിനും പോസ്‌റ്റ് പ്രൊഡക്ഷനും ശേഷം പരമ്പര വേണ്ടെന്ന് വയ്ക്കാൻ നെറ്റ്ഫ്ലിക്‌സ് ടീം തീരുമാനിക്കുകയായിരുന്നു. ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്‌ടപ്പെടാത്തതാണ് കാരണം.
എസ്.എസ്.രാജമൗലിയുടെ പിന്തുണയോടെയാണ് നെറ്റ്ഫ്ലിക്സ് ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ പ്രഖ്യാപിച്ചത്. ബാഹുബലിയുടെ അമ്മ ശിവകാമിയുടെ ഉദയം ഇതിവൃത്തമാവുന്ന വെബ് പരമ്പരയിൽ 2021-ലാണ് ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ കൂറ്റൻ സെറ്റിലായിരുന്നു 100 കോടിയിലേറെ രൂപ ബജറ്റ് കണക്കാക്കിയ സീരിസിൻ്റെ ചിത്രീകരണം.