ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം അർജൻ്റീന മാസ്മരികമായി മടങ്ങിവന്നിരിക്കുന്നു. മെക്‌സിക്കോയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജൻ്റീന ജയം കൈപ്പിടിയിലാക്കിയത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണല്‍ മെസി തന്നെയാണ് ഹീറോ. എന്‍സോ ഫെര്‍ണാണ്ടസിൻ്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. ആദ്യ മത്സരത്തില്‍ തോറ്റ അര്‍ജൻ്റീന ഈ ജയത്തോടെ മൂന്ന് പോയിൻ്റുകൾ നേടി. പോയിൻ്റ് നിലയില്‍ പോളണ്ടിന് പിന്നില്‍ രണ്ടാമതാണ് അർജൻ്റീന. സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്ത്.
കളിയുടെ രണ്ടാം പകുതിയിൽ 64-ാം മിനിറ്റിലായിരുന്നു ആരാധകര്‍ കാത്തിരുന്ന ആ ഗോളെത്തിയത്. മെസിയുടെ ഇടങ്കാലില്‍ നിന്നൊരു ഗംഭീര ഗോൾ. വലത് വിംഗില്‍ നിന്നും എയ്ഞ്ചൽ ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംതൊട്ടുപോയ ഷോട്ട് ഒച്ചോവ തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
ഗോളിന് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോയെ പകരക്കാരനാക്കി കോച്ച് പ്രതിരോധം ശക്തമാക്കി. ഡി മരിയക്ക് പകരമാണ് റൊമേറോയെത്തിയത്.
മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങൾ നടത്തി. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസ് നടത്തിയ വേഗമേറിയ നീക്കങ്ങളും അർജൻ്റീനയെ തുണച്ചു. പിന്നാലെ 87-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്. അങ്ങനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജൻ്റീന ജയം സ്വന്തമാക്കി.
ഇനി 30ന് നടക്കുന്ന പോളണ്ടിനെതിരായ മത്സരം അർജൻ്റീനയുടെ നോക്കൗട്ട് ഭാവി നിർണയിക്കും.
ഇതിനിടെ ഇന്നലെ നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ സൗദി അറേബ്യയെ 2–0നു പോളണ്ട് തോൽപിച്ചു. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ ആദ്യ ലോകകപ്പ് ഗോളായിരുന്നു ഒന്ന്. ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്കിനെ 2–1നു തോൽപിച്ച ഫ്രാൻസ് നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായി മാറി. സൂപ്പർ താരം കിലിയൻ എംബപെയാണ് ഇരട്ടഗോൾ നേടിയത്. ഓസ്ട്രേലിയ 1–0ന് തുനീസിയയെയും തോൽപിച്ചു.