കേരളത്തില്‍ മത്സരിക്കാൻ താല്‍പര്യമുണ്ടെന്ന് അര്‍ജന്‍റീന ഫുട്ബോൾ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കേരളത്തിൽ കളിക്കാൻ താല്‍പര്യം അറിയിച്ചുകൊണ്ടുള്ള അർജന്‍റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ തന്നെ കേരളം തുടര്‍നടപടികളും തയാറെടുപ്പുകളും ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചായിരിക്കും മത്സര കാര്യത്തില്‍ കേരളം മുന്നോട്ട് പോകുക. അര്‍ജന്‍റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ പ്രയാസമുണ്ടാവില്ലെന്നും വി. അബ്ദുറഹിമാന്‍ കൂട്ടിച്ചേർത്തു. ലോകകപ്പിൽ അര്‍ജന്റീനയുടെ വിജയം ആരാധകരെ വളരെയധികം ആവേശഭരിതരാക്കിയിട്ടുണ്ട്. അതേസമയം കേരളത്തിൽ അർജന്റീനയുടെ മത്സരം നടക്കുക എന്നത് ഓരോ മലയാളിയുടെയും സ്വപ്നമാണ്. മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ട് സന്ദർശനം നടത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി നേരിട്ട് അവിടെയെത്തി ആശംസകൾ അറിയിച്ചത്. അർജന്റീന കേരളത്തിലേക്കു വരണമെന്ന് മുഖ്യമന്ത്രിയും അഭ്യർഥിച്ചിരുന്നു.
അതേസമയം കേരളത്തിൽ അർജന്റീന ടീം മത്സരിക്കാൻ എത്തുകയാണെങ്കിൽ സഹായിക്കാം എന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. അത് സ്വീകരിക്കാൻ കേരളത്തിന് യാതൊരു മടിയുമില്ല. അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിലേക്കു ടീമിനു വരാൻ താൽപര്യമുണ്ടെന്ന് നേരിട്ട് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണുള്ളത്. അർജന്റീന താല്‍പര്യ പത്രം തന്നാൽ ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തും. മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ടെന്നും മന്ത്രി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു.