ചെന്നൈ നഗരം പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നതിനിടെ പുതിയ പാട്ടിന്റെ റിലീസിനെക്കുറിച്ചും പ്രമോഷനെക്കുറിച്ചും എ.ആർ.റഹ്മാൻ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വിവാദമാവുന്നു. ‘പിപ്പ’ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈണം നൽകിയ ‘മേൻ പർവനാ’ എന്ന ഗാനമാണ് സമൂഹ മാധ്യമ അകൗണ്ടുകളിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ‘താളത്തെ സ്വീകരിക്കുക. ഈ പാട്ടിലെ ചടുലമായ സ്പന്ദനങ്ങൾ നിങ്ങളുടെ ചുവടുകളെ നയിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് റഹ്മാന്റെ പോസ്റ്റ്.
എന്നാൽ കുറിപ്പ് ശ്രദ്ധേയമായതോടെ നിരവധി പേർ വിമർശനങ്ങളുമായി എത്തിയിരിക്കുകയാണിപ്പോൾ. തികച്ചും അനുചിതമായ സമയത്താണ് റഹ്മാൻ ഇത്തരത്തിലൊരു പ്രമോഷൻ പോസ്റ്റ് പങ്കുവച്ചത്. ഇത് തികച്ചും ബോധമില്ലായ്മയാണെന്നും ഒരാൾ പ്രതികരിച്ചു. റഹ്മാന്റെ പിആറിനെ എത്രയും പെട്ടെന്നു പുറത്താക്കണമെന്നാണ് മറ്റൊരാൾ നൽകിയിരിക്കുന്നു കമന്റ്. ജീവൻ തിരികെ കിട്ടുമോയെന്നു പോലും ഉറപ്പില്ലാതെ ചെന്നൈയിലെ ജനങ്ങൾ പ്രളയത്തിൽ മുങ്ങിക്കഴിയുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു പോസ്റ്റ് റഹ്മാന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് വേറൊരാൾ കുറ്റപ്പെടുത്തി.
ഡിസംബർ നാലിനായിരുന്നു ‘മേൻ പർവനാ’ ഗാനം റിലീസ് ചെയ്തത്. ഷെല്ലീ രചിച്ച ഗാനം അർജിത് സിങ്, പൂജ തിവാരി, നിസ ഷെട്ടി, രക്ഷിത സുരേഷ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ വിഡിയോ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. റഹ്മാന്റെ പേരിലുണ്ടായ പുതിയ വിവാദം പാട്ടിനെ എങ്ങനെ ബാധിക്കുമെന്നാണ് പ്രേക്ഷകർ വീക്ഷിക്കുന്നത്.
അതേസമയം ‘പിപ്പ’യ്ക്കു വേണ്ടി ബംഗ്ലാദേശ് കവി നസ്‌റൂള്‍ ഇസ്‌ലാമിന്റെ കവിത ഉപയോഗിച്ചതിന്റെ പേരിലും എ.ആർ.റഹ്മാന്‍ വിവാദത്തിലായിരുന്നു. നസ്‌റൂള്‍ ഇസ്‌ലാമിന്റെ ‘കരാര്‍ ഓയ് ലൗഹോ കോപത്’ എന്ന കവിതയാണ് റഹ്മാൻ സംഗീതം നൽകിയത്. ചിത്രത്തിലെ നസ്‌റൂളിന്റെ കവിതയുടെ ആവിഷ്കാരം കണ്ട് അദ്ദേഹത്തിന്റെ കൊച്ചുമകൻ ഖാസി അനിര്‍ബന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. കവിത തീർത്തും വികൃതമായാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഖാസി കുറ്റപ്പെടുത്തി. മാത്രമല്ല, സിനിമയില്‍ ഗാനം ഉപയോഗിക്കുന്നതിന് തന്റെ അമ്മ (കവിയുടെ മകള്‍) സമ്മതം നല്‍കിയെങ്കിലും ട്യൂണുകളില്‍ മാറ്റം വരുത്താന്‍ അമ്മ സമ്മതിച്ചിരുന്നില്ല എന്നും ഖാസി കൂട്ടിച്ചേര്‍ത്തു. വിമർശനം ശക്തമായതോടെ ‘പിപ്പ’യുടെ അണിയറപ്രവര്‍ത്തകർ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. എന്നാൽ ‘പിപ്പ’യുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിലൊന്നും റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, സമൂഹമാധ്യമ അകൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയുള്ള മോശം കമന്റുകൾ നീക്കം ചെയ്തിട്ടുമുണ്ട്.