രാജ്യാന്തര ക്രിക്കറ്റ് ചരിത്രത്തിൽ ടൈം ഔട്ടാവുന്ന ആദ്യ ബാറ്ററായി ശ്രീലങ്കൻ താരം വെറ്ററൻ ആഞ്ചലോ മാത്യൂസ്. ബംഗ്ലാദേശിനെതിരെ ഇപ്പോൾ നടക്കുന്ന ലോകകപ്പ് മത്സരത്തിലാണ് ഹെൽമെറ്റ് പ്രശ്നം കാരണം മാത്യൂസ് ടൈം ഔട്ടായത്. ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു ഈ നാടകീയ സംഭവം.
ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ള സമരവിക്രമയെ പുറത്താക്കിയതോടെയാണ് മാത്യൂസ് കളത്തിലെത്തിയത്. ഒരു ബാറ്റർ പുറത്തായി രണ്ട് മിനിട്ടിനുള്ളിൽ അടുത്ത ബാറ്റർ തയ്യാറാവണമെന്നതാണ് ക്രിക്കറ്റ് നിയമം. അതേസമയം ബാറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഹെൽമറ്റ് മാറിപ്പോയെന്ന് മനസിലായത്. ഇതേ തുടർന്ന് പുതിയ ഹെൽമറ്റ് കൊണ്ടുവരാൻ മാത്യൂസ് ആവശ്യപ്പെട്ടു.
എന്നാൽ പുതിയ ഹെൽമറ്റുമായി സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ എത്തുമ്പോഴേക്കും രണ്ട് മിനിട്ട് കഴിഞ്ഞിരുന്നു. ഇതോടെ ബംഗ്ലാദേശ് ടീമും ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും ടൈം ഔട്ട് അപ്പീൽ നൽകി. മാത്യൂസ് തൻ്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അപ്പീൽ പിൻവലിക്കാൻ ഷാക്കിബ് തയ്യാറാവാതെ വന്നതോടെ നിയമം പരിഗണിച്ച് അമ്പയർമാർ ഔട്ട് വിധിക്കുകയായിരുന്നു.