നടിയും ബ്രിട്ടിഷ് മോഡലുമായ എമി ജാക്സൺ വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്കാണ് വരൻ. സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളിൽ വെച്ചാണ് ഇരുവരും മോതിരമാറ്റം നടത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ താരങ്ങൾ തന്നെയാണ് പങ്കുവെച്ചത്.
സ്വിറ്റ്സർലൻഡിലെ മനോഹരമായ തൂക്കുപാലത്തിൽ വച്ച് വെസ്റ്റിക്ക്, എമിയെ പ്രൊപ്പോസ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. എമി ജാക്സണും എഡ് വെസ്റ്റ്വിക്കും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. 2023-ൽ തങ്ങൾക്കിടയിലെ പ്രണയം ഇരുവരും തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
എമി ജാസ്കൻ്റെ രണ്ടാം വിവാഹമായിരിക്കും ഇത്. ഹോട്ടൽ വ്യവസായി ജോർജ് പനയോറ്റു ആയിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്. 2015-ൽ വിവാഹിതരായ ഇരുവരും 2019-ൽ വേർപിരിയുകയായിരുന്നു. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ എമി എ.എൽ വിജയ് സംവിധാനം ചെയ്ത മിഷൻ ചാപ്റ്റർ വൺ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.