നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ വിവാഹമോചനമെന്നും വാർത്ത ഞെട്ടിച്ചുവെന്നും സങ്കടപ്പെടുത്തിയെന്നും ഭാര്യ ആരതി രവി. ഇതുമായി ബന്ധപ്പെട്ട് ആരതി സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും അവസരം ലഭിച്ചില്ലെന്നും വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ലെന്നും ആരതി കുറിച്ചു.
“എൻ്റെ അറിവോ സമ്മതമോ കൂടാതെ നടത്തിയ ഞങ്ങളുടെ വിവാഹവിവാഹമോചനത്തെക്കുറിച്ചുള്ള പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷം പങ്കിട്ട ജീവിതത്തിന് ശേഷം അത്തരമൊരു സുപ്രധാന കാര്യം. അത് അർഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കുടി കൈകാര്യം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.
രവിയുമായി ഒരു മനസ് തുറന്ന ചർച്ച നടത്താൻ ഞാൻ കുറച്ചുകാലമായി ശ്രമിക്കുന്നുണ്ടെങ്കിലും ആ അവസരം എനിക്ക് ലഭിച്ചില്ല. ഞങ്ങൾ തമ്മിലും കുടുംബപരമായുമുള്ള പ്രതിബദ്ധതയെ മാനിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. ഖേദകരമെന്ന് പറയട്ടെ ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീർത്തും ഞെട്ടിച്ചുകളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല.
ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ പൊതു അഭിപ്രായങ്ങളിൽ നിന്നു വിട്ടുനിൽക്കാനും മാന്യമായ മൗനം അവലംബിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷം സമൂഹം എൻ്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എൻ്റെ സ്വഭാവത്തെ കടന്നാക്രമിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. ഒരു അമ്മയെന്ന നിലയിൽ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും.
ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്പോൾ എനിക്ക് കണ്ടു നിൽക്കാൻ കഴിയില്ല, കൂടാതെ ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോടും അവരർഹിക്കുന്ന ആത്മാഭിമാനത്തോടും മുന്നോട്ട് പോകാൻ എൻ്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എൻ്റെ ശ്രദ്ധ. ഞങ്ങൾക്കിടയിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അവസാനമായി ഇക്കാലമത്രയും ഞങ്ങൾക്ക് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്നേഹവുമാണ് ഞങ്ങൾക്ക് ശക്തി പകരുന്നത്. ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ നിമിഷത്തിൽ ഞങ്ങളുടെ സ്വകാര്യതയോട് അല്പം ബഹുമാനം കാണിക്കണമെന്നും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ ആരതി” എന്നാണ് ആരതി സാമൂഹ്യമാധ്യമത്തിൽ കുറിച്ചത്.
ആരതിയുടെ കുറിപ്പ് ഇതിനോടകം ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 15 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നുവെന്ന് സാമൂഹ്യമാധ്യമത്തിലൂടെ ജയം രവി പ്രഖ്യാപിച്ചത്. കുറച്ച് കാലമായി ഇരുവർക്കുമിടയിലുള്ള പ്രശ്നങ്ങൾ സിനിമാ ലോകത്ത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.