നടൻ മോഹൻലാലിനെ കുറിച്ച് ലോക്സഭാ എംപി ഡോ. എം പി അബ്ദുസമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു. നിത്യജീവനുള്ള ഒരു മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തിയാണ് ശ്രീ മോഹൻലാൽ. സ്നേഹനിധിയായ ഒരു കലാകാരൻ, അഭിനയം കൊണ്ട് ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി കടന്നുപോയി. മോഹൻലാൽ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിനെല്ലാം അപ്പുറമുള്ള ഒരു ബന്ധവുമാണ് ഇരുവരും തമ്മിലുള്ളതെന്ന് ഡോ. എം പി അബ്ദുസമദ് സമദാനി ഫേസ്ബുക്കിൽ കുറിച്ചു.
കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനുഷ്യൻ. കലാരംഗത്തും വ്യക്തിജീവിതത്തിലും ഒരുപാട് ഹൃദയങ്ങളിൽ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്നേഹമാണ് എപ്പോഴും ലാൽ. ഈ ജന്മദിന സന്ദേശം ലാലിൻ്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് താല്പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ അവരെ കാണാൻ പോയതും ഇരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും എല്ലാം മറക്കാൻ പറ്റാത്ത നിമിഷങ്ങളാണ്.
മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്. ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിൻ്റെ ജീവിതാരോഹണങ്ങൾ എന്ന് അദ്ദേഹം ഫേസ്ബുകിൽ കുറിച്ചു. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.